പ്രേക്ഷകരെ ജല്ലിക്കെട്ടിനു പിന്നാലെ ലിജോ ജോസ് ഓടിച്ചപ്പോള്‍ ക്യാമറയും തൂക്കി ഓടിയ ഗിരീഷ് ഗംഗാദരനെ എല്ലാവരും തിരഞ്ഞിരുന്നു. സിനിമയുടെ ജീവനായ വിഷ്വലുകള്‍ കാഴ്ചക്കാരെ അത്രയധികം സ്വാധീനിച്ചിരുന്നു. വളരെയധികം കായികാധ്വാനമുള്ള ചിത്രീകരണമായിരുന്നു ജല്ലിക്കെട്ടിന്റേത്. പോത്ത് ഓടുന്നു, പോത്തിന്റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു! ചുരുക്കം പറഞ്ഞാല്‍ ഗിരീഷ് ഗംഗാദരന്‍ ഓട്ടമൊഴിഞ്ഞ് നേരം കിട്ടിയിട്ടുണ്ടാകില്ല. റേസിങ് താരത്തെ ഗിരീഷ് ഓടിത്തോല്‍പ്പിക്കുന്ന ട്രോളുകള്‍ വരെ സമൂഹ്യ മാധ്യമങ്ങളില്‍ ഇറങ്ങിയിരുന്നു.
ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാനുള്ള ആരാധകരുടെ കാത്തിരപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ ഗിരീഷ് ഗംഗാദരന്റെ ക്യാമറയുമായുള്ള ഓട്ടം പുറത്തു വിട്ടത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്നീക്ക് പീക്ക് പുറത്തിറങ്ങിയത്. ആൾക്കൂട്ടത്തെ പിന്തുടർന്ന് പിന്നിലേക്കോടുന്ന ഗിരീഷ് പിന്നീട് അവർക്കു പിന്നാലെ ഓടുകയാണ്. ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ആ ഓട്ടം ആൾക്കൂട്ടം ഒരു വീടിന്റെ മുറ്റത്ത് എത്തുമ്പോഴാണ് നിൽക്കുന്നത്. അതിനു ശേഷം ക്യാമറ മറ്റൊരാളെ ഏല്പിച്ച് അടുത്തുള്ള പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുന്ന ഗിരീഷിനെയും വീഡിയോയിൽ കാണാം. ഒന്നര മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്