മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമയ പരിധി നീട്ടാനാവില്ലെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ്ബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമയം നീട്ടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഇന്ന് മുതല്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
കോടതിവിധി വേഗത്തില്‍ നടപ്പില്ലാക്കേണ്ടതിനാല്‍ ഒഴിയാനുള്ള സമയ പരിധി നീട്ടാനാവില്ലെന്ന് ചുമതലയുള്ള സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒഴിയാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സമയ പരിധി അവസാനിച്ചാല്‍ പുനസ്ഥാപിച്ച വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.