മലയാളിയായ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അപാര്‍ട്ട്മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 56 വയസ് പ്രായമായ എസ്. സുരേഷിനെയാണ് അപരിചിതരായ ഏതാനും പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അമീര്പെറ്റ് ഏരിയയിലുള്ള അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്മെന്റിലുള്ള ഫ്ലാറ്റിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലാണ് സുരേഷ് ജോലി ചെയ്യുന്നത്. ചൊവ്വാഴ്ച ഓഫീസിലെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് ജോലിക്കെത്തിയില്ലെന്ന് ഭാര്യയും അറിയുന്നത്. ബാങ്കില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ ഇന്ദിര. തുടര്‍ന്ന് ഭാര്യയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ പൂട്ട് പൊളിച്ചു അകത്തു കയറുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് സുരേഷ്.രണ്ട് മക്കളുമുണ്ട്.