India Kerala

പാലായില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണം

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില്‍ ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോട് വിജയ പ്രതീക്ഷകള്‍ പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

176 ബൂത്തുകളിലായി 179106 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവാപറ്റ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.