തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. മാപ്രാണം വർണ തിയേറ്ററിനു സമീപം ഇന്നലെ അർധ രാത്രിയായിരുന്നു സംഭവം.
സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊല്ലപ്പെട്ട രാജന്റെ വീടും തിയേറ്ററിന് അടുത്താണ്. ഇന്നലെയും തിയേറ്ററിന് മുന്നിലെ വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിനെച്ചൊല്ലി രാജനും തിയേറ്റര്‍ ഉടമകളും തമ്മില്‍ വാക്ക്തര്ക്കത്തിലേര്പ്പെട്ടിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണം സിനിമ കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ തിയേറ്റര്‍ ഉടമയും ജീവനക്കാരും രാജന്റ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിയേറ്റര്‍ ഉടമ സഞ്ജയ് രവിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.