സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് ഫേസ് ബുക്കിന്റെ ആവശ്യം.
പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹർജിയിലെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും എ.ജി നിലപാടെടുത്തു. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി തന്നെ ഹർജികളിൽ തീർപ്പുകൽപ്പിക്കണമെന്നാണ് ഫേസ് ബുക്കിന്റെ ആവശ്യം.