India Kerala

പുത്തുമലയില്‍ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

വയനാട് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കഴിഞ്ഞ 18ന് ഏലവയല്‍ പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെയാണ് മനസിലാക്കിയത്.

അഞ്ച് പേര്‍ക്കായി നടന്നു വന്ന തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പ്രദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കള്‍ക്കും ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.