തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തിന് ഉരുളക്ക് ഉപ്പേരി എന്ന തരത്തില്‍ തിരിച്ചടിച്ച് നടന് ഉണ്ണി മുകുന്ദന്. ഒരു തമാശ പോസ്റ്റിലൂടെ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിനാണ് ഉണ്ണിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായത്.
രണ്ട് ദിവസം മുമ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഒരു വീഡിയോയുടെ ക്യാപ്ഷനാണ് നെയ്മര്‍ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫുട്ബോള്‍ കളിക്കുന്നതാണ് വീഡിയോ. ഇതിന് താഴെ അടിക്കുറിപ്പായി വീഡിയോയില്‍ മഞ്ഞ ഡ്രസ് ഇട്ടിരിക്കുന്ന കുട്ടി നെയ്മറിനെ പോലെ കളിച്ചുവെന്ന് പറയുന്നു. 2018 ലോകകപ്പില്‍ നെയ്മര്‍ പരിക്കേറ്റെന്ന് പറഞ്ഞ്കൊണ്ട് ഗ്രൌണ്ടില് കിടന്നിരുന്നു. ശേഷം കടുത്ത പരിഹാസത്തിനും ഇടയാക്കി. ഇതിനെ സൂചിപ്പിക്കുന്നതാണ് താരത്തിന്റെ അടിക്കുറിപ്പ്. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
ഇതിനുള്ള മറുപടി സിനിമ വന്നിട്ട് തരാമെന്ന കമന്റിന് പേടിച്ച് പോയി കേട്ടോ എന്നാണ് ഉണ്ണിയുടെ മറുപടി. ഇത് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ വിവരമറിയും എന്ന് പറഞ്ഞ നെയ്മര്‍ ആരാധകന് ഉണ്ണിയും ചുട്ട മറുപടി നല്കി. കമന്റ് ഇവിടെ തന്നെ ഉണ്ടാകും, നേരിട്ട് വന്ന് പറയു, അപ്പോള്‍ ഡിലീറ്റ് ചെയ്യാം. ഒരു ഫണ്‍ പോസ്റ്റാണ്. അത് അവിടെ തന്നെ അതുപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാന്‍ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി കുറിച്ചത്.
സൈബര്‍ ആക്രമണം പരിധി വിട്ടതോടെ വിശദീകരണവുമായി താരം വീണ്ടും രംഗത്ത് വന്നു. ആരേയും മോശക്കാരാക്കാനല്ല പോസ്റ്റെന്നും ഇതിന് ശേഷം ഒരുപാട് കോളുകളും മെസേജുകളും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വന്നെന്നും അദ്ദേഹം പറയുന്നു.