India Kerala

ഇടുക്കിയില്‍ വീണ്ടും കര്‍ഷ ആത്മഹത്യ

ഇടുക്കി പൂപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുള്ളം തണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് മരിച്ചത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് മുള്ളം തണ്ട് സ്വദേശി കാക്കുന്നേല്‍ സന്തോഷ് ആത്മഹത്യ ചെയ്തത്. തോക്ക് നിലത്ത് കുത്തി കഴുത്തില്‍ വച്ച് കാഞ്ചി വലിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. വെടിയുണ്ട വലത് കണ്ണ് തുളച്ച് തലച്ചോറും തകര്‍ത്തു. ഭാര്യയും മകനും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് സംഭവം.

ഒച്ച കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരയേക്കര്‍ കൃഷിയിടത്തില്‍ വാഴ,കാപ്പി, ഏലം എന്നിവയാണ് കൃഷി ചെയ്തിരുന്നത്. ബാങ്കിലെ വായ്പയ്ക്ക് പുറമെ പലിശയ്ക്കും സന്തോഷ് കടമെടുത്തിരുന്നതായി അയല്‍വാസികള്‍ പറയുന്നു. അടുത്തിടെ മരത്തില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികില്‍സയിലായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്വന്തം കൃഷിയിടത്തിന് പുറമെ സ്ഥലം പാട്ടത്തിന് എടുത്തും കൃഷി ചെയ്തിരുന്നു. ശാന്തന്‍പാറ പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.