എറണാകുളം ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എടവനക്കാട് മതില്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.
മഴ ശക്തിയായതോടെ എറണാകുളം ജില്ലയിലെ മലേയാര തീരദേശമേഖലകള്‍ ആശങ്കയിലാണ്. മലയോര മേഖലകളില്‍ മഴ ശക്തമായതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇതിനോടകം തുറന്നു കഴിഞ്ഞു. കടലാക്രമണം രൂക്ഷമായതോടെ ചെല്ലാനം മേഖലയില്‍ നിരവിധി വീടുകളില്‍ വെള്ളം കയറിയ സ്ഥിതിയാണുള്ളത്. എടവനക്കാട് മതിലിടിഞ്ഞ് വീണ് തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി തങ്കവേലു മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കാലടി മറ്റൂരിലും കൊച്ചി കുമ്പളങ്ങിയിലും കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നു. ജില്ലയിൽ വിവിധ താലൂക്കുകളിലെ കാലവർഷ സ്ഥിതി ജില്ലാ കലക്ടർ വിലയിരുത്തി. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. താലൂക്കടിസ്ഥാനത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.