മമ്മൂട്ടി–അജയ് വാസുദേവ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഷൈലോക്ക് എന്ന് പേരിട്ട ചിത്രത്തില്‍ മീനയാണ് നായിക. ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടൻ രാജ് കിരൺ പ്രധാനവേഷത്തിലെത്തുന്നു. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.
ദ മണി ലെന്‍ഡര്‍ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. തമിഴിലും മലയാളത്തിലും കൂടിയാകും ചിത്രം പുറത്തിറങ്ങുക. തമിഴില്‍ ചിത്രത്തിന്റെ പേര് വ്യത്യസ്തമാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്.