Entertainment

എ.എൽ. വിജയ്‌യുടെ വിവാഹം; അമല പോളിന് പറയാനുള്ളത്

സംവിധായകൻ എ.എൽ. വിജയ്‍യുടെ രണ്ടാം വിവാഹത്തില്‍ ആശംസകളുമായി മുൻ ഭാര്യയും നടിയുമായ അമല പോൾ. വിജയ്‍ നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങൾ ആശംസിക്കുന്നുവെന്നും അമല പോൾ പറഞ്ഞു.

‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂര്‍ണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കട്ടെ.’– അമല പറഞ്ഞു. ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ് നായകനായെത്തിയ എ.എല്‍. വിജയ്‌യുടെ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2014 ജൂണ്‍ 12 നായിരുന്നു അമലയുടെയും വിജയ്‍യുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. 2017 ഫെബ്രുവരിയിൽ ഇരുവരും നിയമപരമായി തന്നെ വേര്‍പിരിഞ്ഞു.