ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. തന്‍റെയും ഭര്‍ത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും സാക്ഷി ബറേലി എസ്.പിയോട് ആവശ്യപ്പെട്ടു. തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികള്‍. ജീവിക്കാന്‍ അനുവദിക്കണമെന്ന് സാക്ഷി വീഡിയോയിലൂടെ പിതാവിനോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ ജയിലില്‍ അടയ്ക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.
യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ പാണ്ഡെ അറിയിച്ചു. അതേസമയം സാക്ഷിയും ഭര്‍ത്താവും എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡി.ഐ.ജി പ്രതികരിച്ചു. മകളുടെ വെളിപ്പെടുത്തലിനെ കുറിച്ച് എം.എല്‍.എ പ്രതികരിച്ചിട്ടില്ല.